ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി രംഗത്തു വന്നിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.