ചെന്നൈ: രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇന്ന് മുതൽ ക്രിക്കറ്റ് ചൂടിലായിരിക്കും. രണ്ടര മാസം നീളുന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗിനാണ് ഇന്ന് തുടക്കമാകുന്നത്. 10 ടീമുകൾ, ഓരോ ടീമുകൾക്കും 14 മത്സരങ്ങൾ, ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. 4 ടീമുകളിൽ ആദ്യ സ്ഥാനത്തെത്തുന്ന രണ്ട് ടീമുകൾ പ്ലേഓഫ് കളിക്കും. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടി ആദ്യ പ്ലേ ഓഫിൽ തോറ്റ ടീമുമായി രണ്ടാം പ്ലേഓഫ് കളിക്കും. ആദ്യ രണ്ട് പ്ലേ ഓഫ് വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ഇതാണ് ഐപിഎല്ലിന്റെ മത്സര രീതി. ടൂർണമെന്റിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർക്ക് പ്ലേഓഫിൽ തോറ്റാൽ വീണ്ടും അവസരമുണ്ടെന്നതിനാൽ ടോപ് ഓർഡറിൽ ഫിനിഷ് ചെയ്യാനും മത്സരമേറും.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ, ബെംഗളൂരുവിനെ നേരിടും. ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടപ്പെട്ട 2 സീസൺ ഒഴിച്ചുനിർത്തിയാൽ 14 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. മറുവശത്ത് 16 വർഷം കാത്തിരുന്നിട്ടും, 3 തവണ ഫൈനൽ കളിച്ചിട്ടും ഒരുതവണ പോലും കപ്പുയർത്താൻ സാധിക്കാത്തവരാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ടീമിന്റെ പേരും ലോഗോയും ജഴ്സിയുമടക്കം മാറ്റി, പുതിയ പരീക്ഷണങ്ങളുമായാണ് ബെംഗളൂരു ടീം ഇത്തവണ എത്തുന്നത്.
ഈ സീസണോടെ പടിയിറങ്ങാൻ സാധ്യതയുള്ള തങ്ങളുടെ സ്വന്തം ‘തല’ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നൽകാൻ ഉറച്ചെത്തുന്ന ചെന്നൈയ്ക്ക്, സ്വന്തം മണ്ണിൽ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചേ മതിയാകൂ. നിലവിലെ ചാംപ്യൻമാരെ തോൽപിച്ച് സീസൺ തുടങ്ങാൻ സാധിച്ചാൽ അതു മുന്നോട്ടുള്ള കുതിപ്പിനു നൽകുന്ന ഊർജം ചെറുതാവില്ലെന്ന് ബെംഗളൂരുവിനും നന്നായി അറിയാം. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
ഐപിഎൽ ഒറ്റനോട്ടത്തിൽ
കൂടുതൽ കിരീടം: മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് (5 വീതം)
കൂടുതൽ മത്സരങ്ങൾ: എം.എസ്.ധോണി (250)
കൂടുതൽ റൺസ്: വിരാട് കോലി (7263)
ഉയർന്ന വ്യക്തിഗത സ്കോർ: ക്രിസ് ഗെയ്ൽ (175)
ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ്: വിരാട് കോലി (2016ൽ 973 റൺസ്)
കൂടുതൽ സെഞ്ചറി: വിരാട് കോലി (7)
കൂടുതൽ വിക്കറ്റ്: യുസ്വേന്ദ്ര ചെഹൽ (187)
മികച്ച ബോളിങ് പ്രകടനം: അൽസരി ജോസഫ് (6/12)
കൂടുതൽ ക്യാച്ച്: സുരേഷ് റെയ്ന (109)
ഉയർന്ന ടീം ടോട്ടൽ: 5ന് 265 (2013ൽ പുണെ വാരിയേഴ്സിനെതിരെ ബെംഗളൂരു)
ചെറിയ ടീം ടോട്ടൽ: 49ന് ഓൾഔട്ട് (2017ൽ കൊൽക്കത്തയ്ക്കെതിരെ ബെംഗളൂരു)
ഐപിഎൽ ജേതാക്കളാകുന്ന ടീമിന് 20 കോടി രൂപയാണ് സമ്മാനത്തുക ഇനത്തിൽ ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 13 കോടി രൂപയും ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 7 കോടിയും നാലാം സ്ഥാനക്കാർക്ക് 6.5 കോടി രൂപയുമാണ് സമ്മാനത്തുക. ഇങ്ങനെ ആകെ 46.5 കോടി രൂപയാണ് ഈ സീസണിൽ സമ്മാനത്തുകയായി നൽകുക. ഐപിഎലിന്റെ ആദ്യ സീസണിൽ 4.8 കോടി രൂപയായിരുന്നു വിജയികൾക്ക് നൽകിയത്.