


കോയമ്പത്തൂര്‍ : ആര്യവൈദ്യഫാര്‍മസി സ്ഥാപകന്‍ പരേതനായ പി വി രാമവാരിയരുടെ മകള്‍ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തില്‍ വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലീസ്. നേപ്പാള്‍ സ്വദേശിനി സുര്‍ജ റോകേയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതില് ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടില്‍ കസ്തൂരി ജി കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകാല്‍ ബന്ധിച്ച്, വായില്‍ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലില്‍ക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഞ്ചുണ്ടാപുരം റോഡിലെ പാര്‍സണ്‍ അപ്പാര്‍ട്ട്മെന്റിലാണ് മകനൊപ്പം ഇവര്‍ താമസിച്ചിരുന്നത്. കസ്തൂരിക്ക് സഹായത്തിനാണ് ഹോം നഴ്സായ സുര്‍ജയെ വീട്ടില്‍ നിര്‍ത്തിയിരുന്നത്.
മകന് ഡോ. രാംകുമാര്‍കുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടിവിഎച്ച്നഗറില്‍ താമസിക്കുന്ന മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി കിട്ടാതിരുന്നതിനാല്‍ അയല്‍വാസികളെ വിവരമറിയിച്ചു. അവര്‍ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന്, രാമനാഥപുരം പൊലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കാര്ത്തികേയന്, അസി. കമ്മിഷണര്‍ വസന്തരാജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സിസിടിവി പരിശോധിച്ചപ്പോള്‍ രാത്രി 12.15-ന് മൂന്നുപേര്‍ ഫ്ളാറ്റില്‍വന്നതായി കണ്ടെത്തിയിട്ടുണ്ട്. അരമണിക്കൂറിനകം ഇവര്‍ തിരിച്ചുപോവുകയും ചെയ്തു. സഹായിയായ സുര്‍ജ അക്രമികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ മൊബൈല്‍ഫോണ്‍ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവന്‍മാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല. നിരവധി താമസക്കാരുള്ള അപ്പാര്‍ട്ട്മെന്റില്‍ 24 മണിക്കൂറും കാവലുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍കുട്ടി (മുന്‍ എവിപി ഡയറക്ടര്‍). മക്കള്‍: ഡോ. രാംകുമാര്‍കുട്ടി (എവിപി ഡയറക്ടര്‍, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ).