വയനാട് : എൻ.എം വിജയന്റെ മരണത്തിൽ വിവാദം പുകയുന്നതിനിടെ ഇന്ന് കെപിസിസി അന്വേഷണ ഉപസമിതി വിജയന്റെ വീട് സന്ദർശിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തുന്നത്. ടി.എൻ പ്രതാപൻ, സണ്ണി ജോസഫ് എംഎൽഎ, കെ.ജയന്ത് തുടങ്ങിയവരാണ് സമിതിയിലുള്ളത്.
പത്തുമണിയോടെ ഡിസിസിയിൽ എത്തുന്ന സംഘം, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർക്കെതിരെ ഉയർന്ന ആരോപണങ്ങളിലും കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങളിലും തെളിവെടുപ്പ് നടത്തും. ശേഷം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കും.
വിജയന്റെ ആത്മഹത്യയിലും അർബൻ ബാങ്കിലെ നിയമന കോഴ ആരോപണത്തിലും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വിജയന് നേരെ ആരോപണമുയർന്നിരുന്നു. ബാങ്ക് നിയമനവും തുടർന്നുണ്ടായ ബാധ്യതയും ആത്മഹത്യക്കു കാരണമായോ എന്നും പരിശോധിക്കും.
വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കും.