തിരുവനന്തപുരം:സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം അണ് എംപ്ലോയീസ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്.
ഏറെ നേരമായിട്ടും നിക്ഷേപകര്‍ വീടിന് മുന്നില്‍നിന്ന് പിരിഞ്ഞുപോകാത്തതോടെ മ്യൂസിയം പൊ ലീസ് സ്ഥലത്തെത്തി. സൊസൈറ്റി പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചെന്നാണ് ആക്ഷേപം.ഇതോടെ 300 നിക്ഷേപകരുടെ 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി. ശിവകുമാറിന്റെ ഉത്തരവാദിത്വത്തിലാണ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചത്. ശിവകുമാറിന്റെ ബെനാമിയാണ് ബാങ്ക് പ്രസിഡന്റെന്നും നിക്ഷേപകര്‍ ആരോപിച്ചു. സംഭവത്തില്‍ പൊ ലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിക്ഷേപകര്‍ അറിയിച്ചു.
അതേസമയം തനിക്ക് ഈ ബാങ്കുമായി ബന്ധമില്ലെന്നാണ് ശിവകുമാറിന്റെ വിശദീകരണം.ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന് തന്റെ ബെനാമിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.2002ല്‍ സ്ഥാപനം ഉദ്ഘാടനം ചെയ്തത് താനാണ്. ആ ഒരു ബന്ധം മാത്രമാണ് ബാങ്കുമായി ഉള്ളത്. മാനവും മര്യാദയ്ക്കും കഴിയുന്ന തന്റെ വീട്ടില്‍ വന്ന് ഒരുകൂട്ടം ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു. പൊലീസിനെ വിളിച്ചു വരുത്തിയത് താനാണ്. നിക്ഷേപകരെ വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ ചില തത്പര കക്ഷികളുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.