തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യു സിഐയുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാര്‍ തുടരുന്ന സമരത്തെ പിന്തുണച്ച് ഐഎന്‍ടിയുസി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും അഭ്യര്‍ഥന മാനിച്ചാണ് സമരത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് പറഞ്ഞു. സെക്രട്ടേറിയറ്റ് നടയിലെ സമരത്തിന്റെ 51ാം ദിവസമാണ് ഐഎന്‍ടിയുസി പിന്തുണ അറിയിച്ചത്.
ഐഎന്‍ടിയുസി സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മറ്റന്നാള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നും ആര് ചന്ദ്രശേഖരന് പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും ഉള്‍പ്പടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടും ഐഎന്‍ടിയുസി സമരത്തെ തള്ളിപ്പറഞ്ഞതിനെതിരെ നേതാക്കള്‍ രംഗത്തുവന്നിരുന്നു. ആര് ചന്ദ്രശേഖരന് സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു പ്രധാനവിമര്‍ശനം. അതിനിടെയാണ് ഐഎന്‍ടിയുസി സമരത്തിന് പിന്തുണ അറിയിച്ചത്.
കേരളത്തിലെ ആശ വര്‍ക്കര്‍മാരില്‍ ഒരുവിഭാഗം എസ്യുസിഐയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരത്തെ കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണമായി പിന്തുണച്ച സാഹചര്യത്തില്‍ വിഡി സതീശന് രേഖാമൂലവും കെസി വേണുഗോപാലും കെപിസിസിയും ആവശ്യപ്പെട്ടതനുസരിച്ചാണ് പിന്തുണ നല്‍കുന്നതെന്ന് ഐഎന്‍ടിയുസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമരത്തിന് ആധാരമായി ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങളില്‍ തൊഴിലാളി താത്പര്യവുമായി വിയോജിപ്പുണ്ടെന്നും ഐഎന്‍ടിയുസി പ്രസ്താവനയില്‍ വ്യക്തമാക്കി.