ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിലെ സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒന്‍പതാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തി. അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെ അതിനായി കൃത്യതയോടെ ജോലി ചെയ്യുന്നു. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നും കൃത്യമായി നല്കാന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുരങ്കത്തില്‍ കുടുങ്ങിയവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും അവരുടെ മാനസിക ധൈര്യം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ്ങുമായി ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്കര്‍ ഖുല്‍ബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയാലും നിര്‍ദേശം നല്കി.
മലമുകളില്‍ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളില്‍ കടക്കാനാണ് നീക്കം. ഇതിനുള്ള യന്ത്രസാമഗ്രികള്‍ മലമുകളിലെത്തിക്കാന്‍ റോഡ് വെട്ടുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, മുകളില്‍ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോള്‍ താഴെ തുരങ്കം ഇടിയാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മേല്‍ക്കൂരയ്ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയിലുള്ള നേര്‍ത്ത വിടവിലൂടെ ക്യാമറ ഘടിപ്പിച്ച ചെറു റോബോട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തല്‍സമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം. രക്ഷാദൗത്യം 9 ദിവസം പിന്നിട്ടിരിക്കുന്നതിനാല്‍ തൊഴിലാളികളുടെ ആരോഗ്യനില മോശമായേക്കുമെന്ന ആശങ്കയുണ്ട്. മെഡിക്കല്‍സംഘം പൈപ്പ് വഴി അവരോടു സംസാരിച്ചു. മരുന്നുകളും വൈറ്റമിന്‍ ഗുളികകളും എത്തിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണമെത്തിക്കാന്‍ 6 ഇഞ്ച് വ്യാസമുള്ള ചെറു പൈപ്പ് ഇന്നലെ സജ്ജമാക്കിയിരുന്നു. ഇതിലൂടെ റൊട്ടി, പരിപ്പ് കറി എന്നിവ പായ്ക്കറ്റിലാക്കി, കുഴലില്‍ ശക്തമായി കാറ്റടിപ്പിച്ച് തൊഴിലാളികളിലേക്ക് എത്തിച്ചു.
നവംബര്‍ പന്ത്രണ്ടിന് പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് 216 മണിക്കൂറിലധികം സമയമായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.