അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനും ജർമനിക്കും ജയം. ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിനെതിരെ രണ്ട് ഗോൾ ജയമാണ് ജർമനി സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി 17കാരൻ എൻഡ്രിക്കാണ് ഗോൾ നേടിയത്. റയൽ മാഡ്രിഡിൽ പുതിയ സീസണിൽ ചേരാനിരിക്കെയാണ് താരത്തിന് ബ്രസീൽ ടീമിലേക്ക് വിളിയെത്തുന്നത്. ബ്രസീൽ സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് കളിക്കാനിറങ്ങിയത്. കാസമിറോ, എഡേഴ്സൺ, തിയാഗോ സിൽവ, മാർക്കിഞ്ഞോസ് തുടങ്ങിയ സീനിയർ താരങ്ങളും ടീമിലുണ്ടായിരുന്നില്ല.
ഈ വർഷം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിന് മുന്നോടിയായി ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജർമനി. മോശം ഫോം തുടരുന്നതിനിടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കി ജൂലിയൻ നാഗിൽസ്മാനെ ജർമനി പുതിയ പരിശീലകനായി നിയമിച്ചിരുന്നു. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ഫ്ലോറിയൻ വ്രിട്ട്സും 49ാം മിനുട്ടിൽ കൈയ് ഹാവേർട്ട്സുമാണ് ഗോൾ നേടിയത്. വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ ടോണി ക്രൂസും ജർമനിയുടെ ആദ്യ ഇലവനിലുണ്ടായിരുന്നു. ആദ്യ ഗോളിന് അസിസ്റ്റ് നൽകിയതും ക്രൂസാണ്. എംബാപ്പെ അടക്കമുള്ള സൂപ്പർ താരങ്ങൾ ഫ്രാൻസിനായി കളിക്കാനിറങ്ങിയിരുന്നു.