ഏഷ്യൻ ലോകകപ്പ് യോഗ്യത, യൂറോ കപ്പ് യോഗ്യതാ പ്ലേഓഫ്, യുവേഫ നേഷൻസ് ലീഗ്, കോൺകകാഫ് നേഷൻസ് ലീഗ്, ഓഷ്യാനിയ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾ. താരങ്ങളെല്ലാം രാജ്യാന്തര ഫുട്ബോളിന്റെ തിരക്കിലാണ്. അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യയും വരും ദിവസം മൈതാനത്തിറങ്ങുന്നുണ്ട്. 2026 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വർധിക്കുന്നതിനാൽ പല രാജ്യങ്ങളും ആദ്യമായി ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലാണ്. ഏഷ്യൻ യോഗ്യതയുടെ രണ്ടാം റൗണ്ടാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 4 ടീമുകൾ അടങ്ങുന്ന 9 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഹോം–എവേ അടിസ്ഥാനത്തിൽ എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ വീതം മത്സരിക്കും. ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്കു കടക്കും. ഈ 18 ടീമുകൾ അടുത്ത ഏഷ്യൻ കപ്പിനും യോഗ്യത നേടും.
24 ടീമുകൾ മത്സരിക്കുന്ന യൂറോ കപ്പിനുള്ള 21 ടീമുകളെയും തീരുമാനമായിക്കഴിഞ്ഞു. ശേഷിക്കുന്ന 3 സ്ഥാനങ്ങൾക്കായി പ്ലേഓഫിൽ ഇനി മത്സരിക്കുന്നത് 12 ടീമുകൾ. 4 ടീമുകളെ വീതം 3 ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രവേശനം. പാത്ത് എ സെമിഫൈനലിൽ പോളണ്ട് എസ്റ്റോണിയെയും വെയ്ൽസ് ഫിൻലൻഡിനെയും നേരിടും. ജയിക്കുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. അതിലും ജയിക്കുന്നവർ യൂറോ കപ്പിന് യോഗ്യത നേടും. ഇസ്രയേൽ–ഐസ്ലൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിന–യുക്രെയ്ൻ എന്നിങ്ങനെയാണ് പാത്ത് ബി സെമിഫൈനലുകൾ. പാത്ത് സി സെമിഫൈനലിൽ ജോർജിയ ലക്സംബർഗിനെയും ഗ്രീസ് കസഖ്സ്ഥാനെയും നേരിടും. റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ട് ടീം യൂറോ കപ്പിനു യോഗ്യത നേടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.
തെക്കേ അമേരിക്കയിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഈ ഇടവേളയിൽ നടക്കുന്നില്ലെങ്കിലും ബ്രസീലിനും അർജന്റീനയ്ക്കുമെല്ലാം സൗഹൃദ മത്സരങ്ങളുണ്ട്. പരുക്കു മൂലം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും മത്സരങ്ങൾക്കില്ല. അർജന്റീന ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ എൽ സാൽവദോറിനെ നേരിടും. ബ്രസീൽ അന്നു രാത്രി ഇംഗ്ലണ്ടിനെയും 27ന് പുലർച്ചെ സ്പെയിനെയും നേരിടും.