ഇംഫാല്‍ : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ദ്രുതകര്‍മസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ദ്രുതകര്‍മസേന വെടിയുതിര്‍ത്തു.
ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പ്പും സ്ഫോടനവുമുണ്ടായെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. മന്ത്രി തൊംഗം ബിശ്വജിത്തിന്റെ വീട് ആക്രമിക്കാന്‍ നീക്കം നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ വീടിന് നേരെ ആക്രമണമുണ്ടായി.
പല പ്രാദേശിക നേതാക്കളുടെയും വീടുകള്‍ക്ക് തീ വച്ചതായാണ് വിവരം. പോലീസിന്റെ ആയുധപുരകള്‍ കൊള്ളയടിച്ച് ഇതുവരെ അഞ്ച് ലക്ഷത്തോളം ആയുധങ്ങള്‍ അക്രമികള്‍ കൈക്കലാക്കിയെന്നാണ് നിഗമനം. ഇതില്‍ നാലിലൊന്ന് ആയുധങ്ങള്‍ മാത്രമാണ് തിരിച്ച് പിടിക്കാന്‍ കഴിഞ്ഞത്.
അതിനിടെ അക്രമികള്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും യൂണിഫോം ധരിച്ചുകൊണ്ട് എത്താമെന്ന് കേന്ദ്ര ഇന്റലിജന്‍സ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്തമെന്ന് സൈന്യത്തിന് മുന്നറിയിപ്പ് നല്കി.