കൊച്ചി : അടിവസ്ത്രം വാങ്ങിയതിന് അധിക വില ഉപഭോക്താവില്‍ നിന്ന് ഈടാക്കിയതിന് ടെക്സ്റ്റൈല്‍ ഷോപ്പ് ഉടമ 15,000 രൂപ പിഴയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്ന് ഉപഭോക്തൃ പരിഹാര കമ്മീഷന്. തൃശൂര്‍ എംജി റോഡിലെ ടെക്സ്റ്റൈല്‍ ഷോപ്പ് ഉടമയ്ക്കാണ് ശിക്ഷ.
എട്ട് വര്‍ഷം മുമ്പ് 2015 മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി കടയില്‍ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ശേഷം പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എംആര്‍പി 140 രൂപയാണെന്ന് കണ്ടു. ഇതിനെ തുടര്‍ന്നാണ് അവര്‍ ഉപഭോക്തൃ കമ്മിഷനെ
സമീപിക്കുന്നത്. പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയത് എന്നായിരുന്നു കടയുടമയുടെ വാദം. കമ്മീഷന് പ്രസിഡന്റ് സി ടി സാബുവും അംഗങ്ങളായ ശ്രീജ എസ്, റാം മോഹന്‍ ആര് എന്നിവരും ചേര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ രണ്ട് സ്റ്റിക്കറുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒന്നില്‍ എംആര്‍പി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്.
പരാതി നല്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്കാന് ബാധ്യതയുള്ളൂ എന്ന ചിന്താഗതി ഇല്ലാതാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും ചെലവായ 5000 രൂപ ഉള്‍പ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.