കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശു മരിച്ചത് തലയോട്ടി പൊട്ടിയതുമൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. ശരീരമാകെ സമ്മര്‍ദമേറ്റ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചുവെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില് അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ആണ് സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പ്രസവിച്ച് ഇവര്‍ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നല്കിയ മൊഴി.
യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കവറിലാക്കിയാണ് സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞത്. എന്നാല്‍ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.