അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. അതിനിടെ ഗവണ്മന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ കൂട്ടത്തോടെ രാമനെ പ്രകീര്‍ത്തിച്ചു കൊണ്ട് ‘രാം ആയേംഗേ’ എന്ന് ഉച്ചത്തില്‍ പാടുന്നതാണ് വിഡിയോ. വിഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനവും ഉയര്‍ന്നു. മത സംഘടനകള്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് മനസിലാക്കാം എന്നാല്‍ സര്‍ക്കാര്‍ എന്നു മുതലാണ് നേരിട്ട് ഒരു പ്രത്യോക മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ചതെന്നും ഇത് രാജ്യത്തെ മതേതര വികാരത്തിന് ഭീഷണിയാണെന്നുമായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്റ്.
രാം ആയേംഗേ- എന്ന ശബ്ദം വായുവില്‍ മുഴങ്ങുന്നു. അയോധ്യയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ ഒരേ സ്വരത്തില്‍ പാടുന്നു. ഇത് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മികവേകും- എന്ന കുറിപ്പോടെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആളുകള്‍ ഭക്തിഗാനം പാടുന്നതും കൈകൊട്ടുന്നതും വിഡിയോയില്‍ കാണാം. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം.