ന്യൂഡല്‍ഹി : വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പൈലറ്റിനെ മര്‍ദിച്ചു. ഡല്‍ഹി – ഗോവ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയാണ് മര്‍ദനം. യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിയതിന് പിന്നാലെയാണ് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്.
വിമാനത്തിന്റെ പിന്സിറ്റിലിരുന്ന യാത്രക്കാരന് അനൗണ്‍സ്മെന്റിന് പിന്നാലെ മുന്നോട്ടെത്തി പൈലറ്റിനെ മര്‍ദിക്കുകയായിരുന്നു. സഹീല്‍ കത്താരിയ എന്നയാളാണ് പൈലറ്റിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഡിഗോ യാത്രക്കാരനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പിന്‍സീറ്റിലിരുന്ന ഇയാള്‍ പൈലറ്റിനെ ഇടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന് ശേഷം ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍ പുറത്താക്കുകകയും അധികൃതര്‍ പൊലീസിന് കൈമാറുകയും ചെയ്തു. സഹീറിന്റെ നടപടിക്കെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത്. വിമാനം വൈകിയതിന് വിമാന ജിവനക്കാരെ മര്ദിച്ചതുകൊണ്ട് എന്തുകാര്യം. അവര്‍ അവരുടെ ജോലി ചെയ്യുന്നുവെന്നല്ലാതെ. അയാള്‍ക്ക് വിമാനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.