ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ഛേത്രിയുടെ 150ാം മത്സരമായിരുന്നു ഇന്നലെ. പക്ഷേ ഇന്ത്യയുടെ പ്രതീക്ഷകളെ രണ്ടാം പകുതിയിലാണ് അഫ്ഗാൻ തല്ലിക്കെടുത്തിയത്. ആരാധക പിന്തുണക്കിടയിലും അഫ്ഗാൻ 70, 88 മിനുട്ടുകളിൽ ഇന്ത്യൻ പോസ്റ്റിൽ പന്തെത്തിച്ചു. ഗ്രൂപ്പിലെ ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്.
ഗ്രൂപ്പിൽ 12 പോയിന്റ് നേടിയ ഖത്തർ നേരത്തെ തന്നെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. നാല് പോയിന്റ് വീതമുള്ള ഇന്ത്യയും അഫ്ഗാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 3 പോയിന്റുള്ള കുവൈത്ത് അവസാന സ്ഥാനത്തും. അടുത്ത മത്സരങ്ങളിൽ കുവൈത്തിനെയും ഖത്തറിനെയും ഇന്ത്യക്ക് നേരിടാനുണ്ട്. ഈ മത്സരങ്ങളിൽ വിജയിച്ചാൽ ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം. തുടർച്ചയായ 5 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു മത്സരത്തിൽ ഗോൾ നേടുന്നത്.