ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.
34 പന്തില്‍ 68 റണ്‍സെടുത്ത യശ്വസി ജയ്സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. അഞ്ച് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യക്കായി വിരാട് കോഹ് ലി 16 പന്തില്‍ 29, ശിവം ഡുബെ 32 പന്തില്‍ 63, റിങ്കു സിങ് ഒമ്പത് എന്നിവര്‍ സ്കോര്‍ ചെയ്തു. രോഹിത് ശര്‍മ, ജിതേഷ് ശര്‍മ എന്നിവര്‍ റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്കോര്‍ ചെയ്ത്. 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നായിബാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍.
ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മൂന്നാം ഓവറില്‍ രഹ്മതുല്ല ഗുര്‍ബാസിനെ(14)യെ നഷടമായെങ്കിലും ഇബ്രഹിം സാദ്രന്(8), ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ ചേര്‍ന്ന് സ്കോര്‍ 50 കടത്തി. പിന്നീട് ഇബ്രഹിം സാദ്രനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അസ്മതുല്ല ഒമര്‍സായിയെ(2) പുറത്താക്കി ശിവം ഡുബെയും ഇന്ത്യക്ക് ബ്രേക്ക് ത്രു നല്കി. പിന്നിട് സ്കോര്‍ 91 നില്‍ക്കെ ഗുല്‍ബാദിന്‍ നായിബ്(57) പുറത്തായതോടെ അഫ്ഗാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നബി(14), നജീബുള്ള സാദ്രന്(23), എന്നിവരാണ് പുറത്തായത്.
അവസാന ഓവറുകളില്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ കരീം ജന്നറ്റ്, 9 പന്തില്‍ 21 റണ്‍സ് നേടിയ മുജീബ് റഹ്മാന് എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാനെ മികച്ച സ്കോറിലേക്കെത്തിച്ചത്. മുജീബ് റഹ്മാന് പുറത്താകുമ്പോള്‍ അഫഗാന് 171 ന് ഒമ്പത് എന്ന നിലയിലായിരുന്നു. അവാസാന പന്തില്‍ ഫസല്‍ഹഖ് ഫാറൂഖി പുറത്താതതോടെ അഫ്ഗാന് ഓള് ഔട്ടായി.