മുംബൈ: ഇംഗ്ലണ്ടിനെതിരേ വനിതകളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. നവി മുംബൈയില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ 347 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സില്‍186/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 479 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 131 ല്‍ അവസാനിച്ചു. ഇതോടെ വനിതകളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വന്തം പേരിലാക്കി. 1998ല്‍ കൊളംബോയില്‍ പാക്കിസ്ഥാനെതിരേ ശ്രീലങ്ക നേടിയ 309 റണ്‍സിന്റെ വിജയമാണ് പഴങ്കഥയായത്. ഇംഗ്ലണ്ടിനെതിരേ സ്വന്തം തട്ടകത്തില്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യ നേടിയ ആദ്യ ജയം കൂടിയായിരുന്നു ഇത്. രണ്ട് ഇന്നിംഗ്സുകളിലുമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയാണ് മത്സരത്തിലെ താരം.