മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകളുടെ ജൈത്രയാത്ര തുടരുന്നു. ഇംഗ്ലണ്ടിനു പിന്നാലെ ഓസ്ട്രേലിയയെയും തകർത്ത് ഇന്ത്യൻ വനിതാ ടെസ്റ്റ് ടീം ചരിത്രം കുറിച്ചു. മുംബൈ ടെസ്റ്റിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യൻ ജയം.രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ 75 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 219 റൺസിനു പുറത്തായിരുന്നു. പിന്നാലെ 406 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യ 187 റൺസിന്റെ നിർണായക ലീഡും സ്വന്തമാക്കി. പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 261 റണ്‍സില്‍ പുറത്താകുകയായിരുന്നു.ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതാ സംഘം ഓസ്ട്രേലിയയെ ടെസ്റ്റില്‍ പരാജയപ്പെടുത്തുന്നത്. 1977 മുതൽ 11 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ- ഓസീസ് വനിതകൾ ഏറ്റുമുട്ടിയത്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് നാലു റൺസെടുത്ത ഷഫാലി വർമയുടെയും 13 റൺസെടുത്ത റിച്ച ഘോഷിന്റെയും വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. 38 റൺസുമായി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയും 12 റൺസെടുത്ത ഷഫാലി വർമയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഓസ്ട്രേലിയയ്ക്കു വേണ്ടി കിം ഗാത്, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് തുടർന്ന ഓസ്ട്രേലിയയ്ക്ക് 28 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. തഹില മഗ്രാത്ത് (73), അലിസ ഹീലി (32), ബെത് മൂണി (33), ഫോബെ ലിച്ഫില്‍ഡ് (18), എല്ലിസ് പെറി (45) എന്നിവരാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.ഇന്ത്യക്കായി സ്നേഹ റാണ നാലും ഹര്‍മന്‍പ്രീത് കൗര്‍, രാജേശ്വരി ഗെയ്ക്വാദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ, ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാരായ ദീപ്തി ശർമ (78), സ്മൃതി മന്ഥാന (74), ജെമീമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52), പൂജ വസ്ത്രാകർ (47) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.