ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് വിജയിച്ചത്.ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 603 പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 266 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ഫോളൊഓണ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 373 റണ്‍സ് എടുത്ത് പുറത്തായി. ഇന്ത്യയെക്കാള്‍ 36 റണ്‍സിന് ലീഡ് നേടിയാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയം നേടി. രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ലോറാ വോള്‍വാര്‍ടും സൂനേ ലൂസും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി. ഇരുവരും സെഞ്ചുറി നേടി. നഡൈന്‍ ഡി ക്ലര്‍ക്ക് അര്‍ദ്ധസെഞ്ചുറിയും നേടി.ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണയും ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ട് വിക്കറ്റുകള്‍ വീതം നേടി. പൂജ വസ്ത്രക്കര്‍, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
സ്നേഹ് റാണയാണ് ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകളും നേടി. സ്നേഹ് റാണ ഇരു ഇന്നിംഗ്സുകളിലുമായി പത്ത് വിക്കറ്റുകളാണ് വീഴ്ത്തിയത്.ഒന്നാം ഇന്നിംഗ്സില്‍ ഷെഫാലി വര്‍മയുടെ ഇരട്ടസെഞ്ചുറിയുടേയും സ്മൃതി മന്ദാനയുടെ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ എടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ജെമീമ റോഡ്രിഗസും അര്‍ദ്ധസെഞ്ചുറി നേടി.