ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചത്. ക്ലേവ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2023ലാണ് അർഫത്ത് യു.എസിൽ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി അർഫത്തിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
”തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന മുഹമ്മദ് അർഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം വ്യസനസമേതം അറിയിക്കുന്നു. അർഫത്തിന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബത്തിന് എല്ലാ സഹായവും നൽകും”-ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
ഈ വർഷം യു.എസിൽ മരിക്കുന്ന പതിനൊന്നാമത്തെ ആളാണ് മുഹമ്മദ് അർഫത്ത്. മരിച്ചവരിൽ കൂടുതലും വിദ്യാർഥികളാണ്. ഇന്ത്യൻ വിദ്യാർഥികൾ തുടർച്ചയായി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് വിദ്യാർഥികളിലും അവരുടെ കുടുംബത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു.എസിന്റെ കണക്ക് പ്രകാരം 2022-2023 വർഷത്തിൽ 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇവിടേക്ക് കുടിയേറിയത്. കഴിഞ്ഞ വർഷത്തെക്കാൾ 35 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.