ന്യൂഡല്‍ഹി: 2024 മെയ് 10 നുള്ളില്‍ മാലിദ്വീപിലുള്ള മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 10 നകം മൂന്ന് വ്യോമയാന താവളങ്ങളില്‍ ഒന്നില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു.
2024 മെയ് 10നകം മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യ സൈനികരെ പിന്‍വലിക്കുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ‘ഉന്നത തല കോര്‍ ഗ്രൂപ്പിന്റെ മൂന്നാമത്തെ യോഗം മാലിയില്‍ വച്ച് പരസ്പര ധാരണയില്‍ നടത്തുവാന്‍ ധാരണയായതായും ഫെബ്രുവരി അവസാന വാരം സ്വീകാര്യമായ തീയതി കണ്ടെത്തുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന മാലദ്വീപിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട ചര്‍ച്ചയെ തുടര്‍ന്നാണ് ഈ പ്രസ്താവന വന്നത്. അതിനിടെ, നടന്നുകൊണ്ടിരിക്കുന്ന വികസന-സഹകരണ പദ്ധതികള്‍ അടക്കം ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.