പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയിൽ വീണ് ഇന്ത്യ. ജർമനിയോടാണ് (3-2) തോൽവി വഴങ്ങിയത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്(7), സുഖ്ജീത് സിങ്(36) എന്നിവർ ഗോൾ നേടി. ജർമനിക്കായി ഗോൺസാലോ പെയ്ലറ്റ്(18,57), ക്രിസ്റ്റഫർ റൂർ(27) എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യ ഇനി വെങ്കല പോരാട്ടത്തിൽ മത്സരിക്കും. സ്പെയിനാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യയുടെ മുന്നേറ്റത്തോടെ മത്സരം തുടങ്ങിയത്. തുടരെ പെനാൽറ്റി കോർണറിലൂടെ ജർമൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. കളിയുടെ ഗതിക്ക് അനുകൂലമായി എട്ടാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യ ആദ്യം ലീഡെടുത്തു. ഹർമൻ പ്രീത് സിങിന്റെ തകർപ്പൻ ഷോട്ട് തടുക്കുന്നതിൽ ജർമൻ പ്രതിരോധത്തിന് പിഴക്കുകയായിരുന്നു. എന്നാൽ തുടക്കത്തിലെ ആധിപത്യം നിലനിർത്താൻ നീലപടക്കായില്ല. രണ്ടാം ക്വാർട്ടറിൽ ജർമനി ഗോൾ മടക്കി. ഗോൺസാലോ പെയ്ലറ്റാണ് സമനില പിടിച്ചത്(1-1). ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ക്രിസ്റ്റഫർ റൂർ രണ്ടാം ഗോളും നേടി യൂറോപ്യൻ ടീം മുന്നിലെത്തി.(2-1).
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ മൂന്നാം ക്വാർട്ടറിൽ സുഖ്ജിത് സിങിലൂടെ ഇന്ത്യ സമനില പടിച്ചു(2-2). അവസാന മിനിറ്റിൽ മത്സരം കൂടുതൽ ആവേശമായി. ആക്രമണ, പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യൻ നെഞ്ചു തകർത്ത് ജർമൻ ഗോളെത്തിയത്. പെയ്ലറ്റിന്റെ ഫിനിഷിൽ വിജയവും ഫൈനൽ പ്രവേശനവും ജർമനി ഉറപ്പിച്ചു. ഇന്ത്യക്കായി മികച്ച സേവുകളുമായി മലയാളി താരം പി.ആർ ശ്രീജേഷ് ഒരിക്കൽകൂടി തിളങ്ങി