മക്ക: ഹജ്ജ് കർമ്മങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം ഇന്ന് ആരംഭിക്കും. തിരക്ക് പരിഗണിച്ചു ഇന്ത്യൻ ഹാജിമാരുടെ മിനാ യാത്ര ഇന്ന് വൈകീട്ടോടെ ആരംഭിക്കും. വൈകീട്ടോടെ തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാൻ സജ്ജമാകാനുള്ള നിർദേശം ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിക്കഴിഞ്ഞു.
ഇന്ന് ആരംഭിക്കുന്ന യാത്ര തിങ്കളാഴ്ചയും തുടരും. തിങ്കളാഴ്ച മിനായിൽ താമസിക്കുന്ന ഹാജിമാർ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹജ്ജിന്റെ പ്രധാന കർമ്മായ അറഫ സംഗമത്തിനായി അറഫാത്തിലേക്ക് യാത്രയാകും. ചൊവ്വാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം. ഇന്ത്യൻ ഹാജിമാർക്ക് പ്രധാന മെട്രോ സ്റ്റേഷനുകൾക്ക് സമീപമാണ് കൂടുതൽ ടെൻറ്റുകൾ ഉള്ളത്. ഈ വർഷം 84,000 ഹാജിമാർക്കാണ് മെട്രോ യാത്രക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ഹാജിമാർക്ക് ബസ് സൗകര്യമാണ് നൽകിയിരിക്കുന്നത്. ഹാജിമാരുടെ മെട്രോ ട്രെയിൻ ടിക്കറ്റ്, അദാഹി കൂപ്പൺ എന്നിവ ഹജ്ജ് വളണ്ടിയർമാർ മുഖേന ശനിയാഴ്ച തന്നെ വിതരണം ചെയ്തിട്ടുണ്ട്.