ന്യൂഡൽഹി : തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് പുറത്തുവരുന്ന വിവരം.
ഏഷ്യയിലെ മികച്ച 8 ടീമുകളെ മാത്രമേ വിവിധ ഇനങ്ങളിലായി ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് മാനദണ്ഡം. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്ത് പ്രകാരം വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ പത്താം സ്ഥാനത്തായ വനിതാ ടീമിനും പുരുഷ ടീമിനെ പോലെ ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല എന്നാണ് വിവരം.
ഈ വർഷം സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ഷുവിലാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്. നിലവിൽ സാഫ് കപ്പും കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച ഫോമിലാണ്. ഇത്രയും മികച്ച സമയത്ത് ഏഷ്യൻ ഗെയിംസ് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്നാണ് സൂചന.