മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് ഷമിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് വാർത്തകൾ പരന്നത്.അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മുഹമ്മദ് ഷമി മത്സരിക്കാൻ സാധ്യതയുണ്ടെന്നാ തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അടുത്തിടെ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.ഇതോടെയാണ് താരം ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ശക്തമായത്. ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു.
ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉത്തരവിട്ടിരുന്നു. ഒപ്പം അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രി മോദി ഡ്രസിംഗ് റൂമിൽ വച്ച് ഷമിയെ ആലിംഗനം ചെയ്തതുമെല്ലാം ഈ അഭ്യൂഹങ്ങൾ ബലം പകരുകയാണ്.