ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയുടെ സാഹചര്യത്തിൽ ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്കം വീണ്ടും വൈകും.ഇന്നലെ ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ പ്ലാനിൽ മാറ്റം വന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ജൂലൈ 4 വരെ ട്വന്റി 20 ലോകചാമ്പ്യന്മാരുടെ വരവ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
ജൂലൈ ഒന്നിനാണ് ഇന്ത്യൻ ടീമിന്റെ മടക്ക യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, ബെറിൽ ചുഴലിക്കാറ്റ് കരതൊട്ടതിനാൽ അവർ വെസ്റ്റ് ഇൻഡീസ് ദ്വീപ് സമൂഹത്തിൽ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഉയർന്ന തീവ്രതയോടെ മേഖലയിൽ ആഞ്ഞടിച്ച ബെറിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ വിമാനം റദ്ദാക്കിയതിനാൽ സ്ക്വാഡിലെ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും അവരുടെ കുടുംബങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്. തുടക്കത്തിൽ കാറ്റഗറി 3 ആയിരുന്ന ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി 4 ആയി ഉയർന്നിട്ടുണ്ട്.റോയിട്ടേഴ്സിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ബെറിൽ ചുഴലിക്കാറ്റ് പതുക്കെ ജമൈക്കയിലേക്ക് നീങ്ങുകയും ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലുംകരുതൽ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.