ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 ഓടെ ഡൽഹിയിൽ ഇറങ്ങും.
ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസ് വിമാനത്താവളം അടച്ചതിനെ തുടർന്ന് ടീം രണ്ടുദിവസമായി അവിടെ തങ്ങുകയാണ്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.ബെറിൽ ചുഴലിക്കാറ്റിൻ്റെ ആഘാതം ബാർബഡോസിൽ അത്ര രൂക്ഷമാല്ലാത്തതിനാൽ സുരക്ഷ മുൻകരുതലെടുത്ത് അടുത്ത 12 മണിക്കൂറിനകം വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി അറിയിച്ചു. ഡൽഹിയിലെത്തിയ ഇന്ത്യൻ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.