ബംഗളൂരു: ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. സാഫ് കപ്പിലെ ഗ്രൂപ്പ് ഘട്ട ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഛേത്രിയുടെ അന്താരാഷ്ട്ര കരിയറിലെ നാലാം ഹാട്രിക് ആണിത്. 90 ആം അന്താരാഷ്ട്രഗോളും .
ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പെയ്ത കനത്ത മഴയിൽ പാക്കിസ്ഥാനെ ഇന്ത്യ ഗോളിൽ മുക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി പട്ടിക പൂർത്തിയാക്കി.
10, 16, 74 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോൾ. രണ്ട് ഗോൾ പെനാൽറ്റിയിൽനിന്നായിരുന്നു ഛേത്രി നേടിയത്. നാലാം ഗോൾ ഉദാന്ത സിംഗിന്റെ (81) ബൂട്ടിൽനിന്നായിരുന്നു. മത്സരത്തിനിടെ പാക് താരത്തിന്റെ കൈയിൽനിന്നും പന്ത് തട്ടിമാറ്റിയ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന് ചുവപ്പ് കാർഡും ലഭിച്ചു.