ന്യൂഡല്ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം.
50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മുന്നോട്ട് വെച്ച 273 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ 35 ഓവറിൽ കേവലം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 90 പന്ത് ബാക്കി നിൽക്കേയാണ് അയൽവാസികളെ തോൽപ്പിച്ചുവിട്ടത്. 131 റൺസ് നേടിയ രോഹിതിന്റെയും അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി(55)യുടെയും 47 റൺസടിച്ച ഇഷൻ കിഷന്റെയും മികവിൽ അനായാസമാണ് വിജയിച്ചത്. ഗംഭീര പ്രകടനം നടത്തിയ രോഹിതാണ് മത്സരത്തിലെ താരം. ആദ്യ മത്സരത്തിൽ ആസ്ത്രേലിയക്കെതിരെ ടീം ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.
രോഹിത് ശർമയുടേതടക്കം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട രണ്ട് വിക്കറ്റും നേടിയത് റാഷിദ് ഖാനാണ്. രോഹിതിനെ താരം ബൗൾഡാക്കിയപ്പോൾ ഇഷൻ കിഷനെ ഇബ്രാഹിം സദ്റാന്റെ കൈകളിലെത്തിച്ചു. രോഹിത് പുറത്തായ ശേഷമെത്തിയ ശ്രേയസ് അയ്യർ 23 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു. ഒക്ടോബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം നടക്കുക.
ഇന്നത്തെ മത്സരത്തോടെ ഏകദിന ലോകകപ്പിൽ കൂടുതൽ സെഞ്ച്വറി നേടിയ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ മാറി. അഫ്ഗാനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയതോടെ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആറ് സെഞ്ച്വറി നേട്ടം മറികടക്കുകയായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് രോഹിത് തന്റെ പേരിലാക്കിയത്. 30 പന്തിൽ രോഹിത് അർധസെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലൂടെ മറ്റു ചില റെക്കോർഡുകളും രോഹിതിനെ തേടിയെത്തി. ഏകദിന ലോകകപ്പിൽ 1000 റൺസെന്ന കടമ്പ ഇന്ത്യൻ നായകൻ മറികടന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടിയും കൂടുതൽ സിക്സറടിക്കുന്ന താരമായും രോഹിത് മാറി. 63 പന്തിൽ സെഞ്ച്വറിയടിച്ച രോഹിത് മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ റെക്കോർഡും ഭേദിച്ചു. 72 പന്തിലാണ് കപിൽ സെഞ്ച്വറിയടിച്ചിരുന്നത്. അന്നത്തെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്തിരുന്നു. ഇന്ന് അഞ്ച് സിക്സും 16 ഫോറുകളുമാണ് ഹിറ്റ്മാൻ അടിച്ചുകൂട്ടിയത്. 84 പന്തിൽ നിന്ന് 131 റൺസ് നേടിയ ശേഷം താരം റാഷിദ് ഖാന്റെ പന്തിൽ ബൗൾഡായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. ഹഷ്മത്തുല്ലാഹ് ഷാഹിദിയും (80), അസ്മതുല്ലാഹ് ഒമർസായി(62) അർധസെഞ്ച്വറി നേടി.ഇന്ത്യയ്ക്കായി ബൗളിംഗിൽ ജസ്പ്രീത് ബുംറ തിളങ്ങി. 39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹർദിക് പാണ്ഡ്യ രണ്ടും ഷർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
അഫ്ഗാൻ ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (21) ഇബ്രാഹിം സദ്റാനു (22) അധികം വൈകാതെ പുറത്തായി. ഗുർബാസിനെ ഹർദിക് പാണ്ഡ്യ താക്കൂറിന്റെ കൈകളിലെത്തിച്ചപ്പോൾ സദ്റാനെ ബുംറയുടെ പന്തിൽ രാഹുൽ പിടികൂടി. വൺഡൗണായെത്തിയ റഹ്മത്ത് ഷായെ ഷർദുൽ എൽബിഡബ്ല്യൂവിൽ കുരുക്കി. നായകൻ ഹഷ്മത്തുല്ലാഹ് ഷാഹിദിയെ കുൽദീപാണ് കുടുക്കിയത്. ഒമർസായിയെ ഹർദിക് ബൗൾഡാക്കി.
മുഹമ്മദ് നബി, നജീബുല്ലാഹ് സദ്റാൻ, റാഷിദ് ഖാൻ എന്നിവരാണ് ഇബ്രാഹിമിന് പുറമേ ബുംറയുടെ ഇരകളായത്. മുജീബുറഹ്മാനും നവീനുൽ ഹഖും പുറത്താകാതെ നിന്നു. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടന്നത്.
ഇന്ത്യ: രോഹിത് (ക്യാപ്റ്റൻ), ഇഷൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹർദിക് (വൈസ് ക്യാപ്റ്റൻ), ജഡേജ, ഷർദുൽ താക്കൂർ, ബുംറ, കുൽദീപ്, സിറാജ്.
അഫ്ഗാൻ: റഹ്മാനുല്ല ഗുർബാസ്, റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി, മുഹമ്മദ് നബി, അസ്മതുല്ലാഹ് ഒമർസായി, നവീനുൽ ഹഖ്, ഇബ്രാഹിം സദ്റാൻ, നജീബുല്ലാഹ് സദ്റാൻ, റാഷിദ് ഖാൻ, മുജീബുറഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി.