ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 86 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 135-9 എന്ന നിലയിൽ അവസാനിച്ചു. നേരത്തെ ഗ്വാളിയോർ ടി20 വിജയിച്ച സൂര്യകുമാറും സംഘവും പരമ്പര 2-൦ സ്വന്തമാക്കി.
മറുപടി ബാറ്റിങിൽ ആദ്യ ഓവറിൽ 14 റൺസ് നേടി ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടരെ വിക്കറ്റുകൾ വീണു. സ്കോർ 20ൽ നിൽക്കെ ഓപ്പണർ പർവേസ് ഹുസൈനെ(16) പുറത്താക്കി അർഷ്ദീപ് സിങ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ(11), ലിട്ടൻദാസ്(14),തൗഹിദ് ഹൃദോയ്(2), മെഹ്ദി ഹസൻ മിറാസ്(16) റൺസെടുത്ത് പുറത്തായി. മഹമുദുല്ലയുടെ ഒറ്റയാൻ പോരാട്ടമാണ്(39 പന്തിൽ 41) സ്കോർ 100 കടത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഡൽഹി അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് നേടിയത്. അർധ സെഞ്ച്വറിയുമായി നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങും തകർപ്പൻ പ്രകടനം നടത്തി. പവർപ്ലെയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ മധ്യഓവറുകളിൽ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. സഞ്ജു സാംസൺ(10), അഭിഷേക് ശർമ(15), ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(8) എന്നിവരെ നഷ്ടമായ ഇന്ത്യ ഒരു ഘട്ടത്തിൽ 41-3 എന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് -റിങ്കു കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. രണ്ടാം ടി20 മാത്രം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡി 34 പന്തിൽ ഏഴ് സിക്സറും നാല് ഫോറും സഹിതം 74 റൺസ് നേടി ടോപ് സ്കോററായി. 29 പന്തിൽ മൂന്ന് സിക്സറും അഞ്ച് ബൗണ്ടറിയും സഹിതം 53 റൺസെടുത്ത റിങ്കു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 49 പന്തിൽ 108 റൺസ് കൂട്ടുകെട്ടാണ് ചേർത്തത്്. നിതീശ് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ മാച്ചിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി. തുടരെ ബൗണ്ടറികളും സിക്സറും പറത്തായി ഹാർദിക് 19 പന്തിൽ 32 റൺസ് അടിച്ചെടുത്തു.
ഗ്വാളിയോറിൽ 29 റൺസെടുത്ത സഞ്ജുവിന് ഡൽഹിയിൽ മികച്ച ഇന്നിങ്സിലേക്ക് ബാറ്റുവീശാനായില്ല. ഏഴ് പന്തുകൾ നേരിട്ട താരം പത്തുറൺസെടുത്ത് പുറത്തായി. ടസ്കിൻ അഹമ്മദിന്റെ സ്ലോപന്തിൽ ബാറ്റുവീശിയ മലയാളി താരം നജ്മുൽ ഹുസൈൻ ഷാന്റോക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.