വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി നയിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയയക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. രണ്ട് വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി.ജോഷ് ഇംഗ്ലിസിന്റെ സെഞ്ചുറി (110) മികവില്‍ ഓസ്ട്രേലിയ 208 റൺസ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു
സൂര്യകുമാര്‍ യാദവ് (41 പന്തില്‍ 80), ഇഷാന് കിഷന് (39 പന്തില്‍ 58) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്കു ജയമൊരുക്കിയത്.ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പതിവിനു വിപരീതമായി സ്റ്റീവന്‍ സ്മിത്ത് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു. മാത്യു ഷോര്ട്ടായിരുന്ന സഹ ഓപ്പണര്‍. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ 31 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണു പിരിഞ്ഞത്.
ഷോര്‍ട്ടിനെ (13) രവി ബിഷ്ണോയ് ക്ലീന്‍ ബൗള്‍ഡാക്കി. സ്മിത്തിനു കൂട്ടായി ജോഷ് ഇംഗ്ലിസെത്തിയതോടെ ഇന്ത്യയുടെ പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിരയ്ക്കെതിരേ ആധിപത്യം സ്ഥാപിച്ചു. സെഞ്ചുറിയും കടന്ന് ഇരുവരുടെയും കൂട്ടുകെട്ട് മുന്നോട്ടുനീങ്ങി.ഇംഗ്ലിസ് ആക്രമിച്ചു കളിച്ചപ്പോള്‍ സ്മിത്ത് പിന്തുണ നല്കി. 12-ാം ഓവറിന്റെ മൂന്നാം പന്തില്‍ സിക്സ് നേടിക്കൊണ്ട് ഇംഗ്ലിസ് അര്‍ധസെഞ്ചുറി തികച്ചു. 130 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്.
41 പന്തില്‍ എട്ട് ഫോറിന്റെ അകമ്പടിയില്‍ 58 റണ്‍സ് എടുത്ത സ്മിത്ത് റണ്ണൗട്ടായി. 16.4 ഓവറില്‍ അര്‍ഷ്ദീപ് സിംഗിനെ ബൗണ്ടറി പായിച്ച് ഇംഗ്ലിസ് ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടി. 47 പന്തില്‍നിന്നാണ് സെഞ്ചുറി.50 പന്തില്‍ 110 റണ്‍സ് നേടിയ ഇംഗ്ലിസിനെ പ്രസിദ്ധ് കൃഷ്ണ യശ്വസി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. 11 ഫോറും എട്ടു സിക്സും ഇംഗ്ലിസിന്റെ ബാറ്റില്‍നിന്നു പിറന്നു. ടിം ഡേവിഡ്(19), മാര്‍കസ് സ്റ്റോയിനിസ് (ഏഴ്) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ഫോര്‍ നേടിക്കൊണ്ട് ജയ്സ്വാള്‍ തുടങ്ങി. മൂന്നാം പന്തില്‍ സിക്സും നേടി. അഞ്ചാം പന്തില്‍ ഋതുരാജ് ഗെയ്ക്വാദ് പന്ത് നേരിടും മുമ്പ് റണ്ണൗട്ടായി. ഒരോവര്‍ കഴിഞ്ഞ് തകര്‍പ്പന്‍ ഫോമില്‍ കളിച്ചുവന്നിരുന്ന ജയ്സ്വാളിനെ ( എട്ട് പന്തില്‍ 21) മാത്യു ഷോര്‍ട്ട് പുറത്താക്കി.സൂര്യകുമാര്‍ യാദവും ഇഷാന് കിഷനും ഒന്നിച്ചതോടെ ഇന്ത്യ കുതിച്ചുകയറി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തന്‍വീര്‍ സംഗയ്ക്കെതിരേ 13-ാം ഓവറിന്റെ ആദ്യരണ്ടു പന്തില്‍ ഫോറും സിക്സും നേടിയശേഷം മൂന്നാം പന്തില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച കിഷനെ ഷോര്‍ട്ട് പിടികൂടി.
39 പന്തില്‍ 58 റണ്‍സ് നേടിയ കിഷന്റെ ബാറ്റില്‍നിന്ന് രണ്ടു ഫോറും അഞ്ചു സിക്സും പിറന്നു. അടുത്ത ഓവറില്‍ ഷോണ്‍ ആബട്ടിനെ സിക്സ് പറത്തിക്കൊണ്ട് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി കടന്നു. തിലക് വര്‍മ (12) വന്നപോലെ മടങ്ങി.സൂര്യകുമാറും റിങ്കു സിംഗും ചേര്‍ന്ന് ജയത്തോടടുപ്പിച്ചു. ജയത്തിലേക്ക് അനായാസം നീങ്ങവെ ഇന്ത്യക്കു നായകന്റെ വിക്കറ്റ് നഷ്ടമായി. 41 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ ഒമ്പത് ഫോറും നാലു സിക്സും പായിച്ചു. അക്സര്‍ പട്ടേലും രവി ബിഷ്ണോയിയും അതിവേഗം മടങ്ങിയെങ്കിലും ഒരറ്റത്തു പിടിച്ചുനിന്ന റിങ്കു സിംഗ് ഇന്ത്യക്കു ജയം സമ്മാനിച്ചു.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ ലോകകപ്പ് ജയിച്ച ടീമില്‍ അംഗങ്ങളായ ഗ്ലെന്‍ മാക്സ് വെല്‍, ട്രാവിഡ് ഹെഡ്, ആദം സാപ എന്നിവര്‍ ടീമില്‍ ഇല്ലായിരുന്നു.