ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് 50.3 ഓവറിൽ 130 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യ ഇന്നിംഗ്സിനും 141 റൺസിനും വിജയിച്ചു. 2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ല.
രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റെടുത്ത ആർ. അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് എടുത്തപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി. 28 റൺസെടുത്ത അലിക് അതനാസ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും വിൻഡീസിന്റെ ടോപ് സ്കോറർ.
മൂന്നാം ദിനം അഞ്ചിന് 421 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റണ്‍സ് എന്ന നിലയിൽ മൂന്നാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെ 171 റൺസ് നേടിയാണ് ജയ്സ്വാൾ മടങ്ങിയത്.
പിന്നാലെ അജിങ്ക്യ രഹാനെയും (മൂന്നു) മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോഹ്ലിയാണ് (76) ഇന്ത്യയെ 400 കടക്കാൻ സഹായിച്ചത്. 182 പന്തിൽ അഞ്ചു ഫോർ സഹിതമായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. രവീന്ദ്ര ജഡേജയും (37*) ഇഷാൻ കിഷനും (ഒന്ന്*) പുറത്താകാതെനിന്നു. ക്യാപ്റ്റൻ രോഹിത് ശർമ (103) കഴിഞ്ഞദിവസം സെഞ്ചുറിനേടിയിരുന്നു.