മൊഹാലി: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കുപ്പായത്തിൽനിന്നു കിട്ടിയ ഊർജം നീലക്കുപ്പായത്തിലും തുടർന്നപ്പോൾ ഒരു വിക്കറ്റും അർധസെഞ്ച്വറിയുമായി(60*) മത്സരത്തിലെ താരമായി ദുബേ. മത്സരത്തിൽ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ അഫ്ഗാനിസ്താനെ തകർത്തത്.
159 എന്ന മൊഹാലിയിൽ അനായാസം പിന്തുടരാവുന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തി ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് ഷോക്കായി രണ്ടാം പന്തിൽ തന്നെ നായകൻ രോഹിത് ശർമ പുറത്ത്. ശുഭ്മൻ ഗില്ലുമായുള്ള ആശയക്കുഴപ്പം രോഹിതിന്റെ റണ്ണൗട്ടിലാണ് കലാശിച്ചത്. സ്കോർ ബോഡിൽ ഒരു റൺപോലും കൂട്ടിച്ചേർക്കുംമുൻപായിരുന്നു നായകന്റെ മടക്കം. രോഹിതിനെ ബലിയാടാക്കിയതിന്റെ കുറ്റബോധം കൂടി തലയിലേറ്റിയായിരുന്നു ഗിൽ പിന്നീട് കളിച്ചത്. തുടർ ബൗണ്ടറികളുമായി കളം നിറഞ്ഞെങ്കിലും മുജീബുറഹ്മാന്റെ പന്തിൽ റഹ്മാനുല്ല ഗുർബാസിന്റെ സ്റ്റംപിങ്ങിൽ പോരാട്ടം അവസാനിച്ചു. 23 റൺസെടുത്ത് ഗിൽ പുറത്ത്.
തുടർന്ന് തിലക് വർമയും ശിവം ദുബേയും ചേർന്നു സൂക്ഷ്മതയോടെയാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. ക്രീസിൽ നിലയുറപ്പിച്ചതോടെ ഇരുവരും ഗിയർ മാറ്റുകയും ചെയ്തു. മൂന്നാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത് സഖ്യം പിരിയുമ്പോൾ ഇന്ത്യൻ സ്കോർ 8.4 ഓവറിൽ 72. 22 പന്തിൽ 26 റൺസെടുത്ത് അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ ഗുലാബുദ്ദീൻ നായിബിന്റെ കിടിലൻ ക്യാച്ചിൽ തിലക് പുറത്ത്.
അടുത്തത് ജിതേഷ് ശർമയെ കൂട്ടുപിടിച്ചായിരുന്നു ദുബേയുടെ ഇന്നിങ്സ്. നാലാം വിക്കറ്റ് സഖ്യവും 45 റൺസ് കൂട്ടിച്ചേർത്തു. മുജീബുറഹ്മാന്റെ പന്തിൽ ഇബ്രാഹിം സദ്റാൻ പിടിച്ച് ജിതേഷ് പുറത്താകുമ്പോൾ 20 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി സഹിതം 31 റൺസെടുത്തിരുന്നു താരം. ഒടുവിൽ റിങ്കു സിങ്ങിനെ(16*) സാക്ഷിനിർത്തി സിക്സറും ഫോറും പറത്തി സ്റ്റൈലായി ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു ദുബേ. 40 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും അടിച്ച് 60 റൺസുമായാണു താരം പുറത്താകാതെ നിന്നത്.
അഫ്ഗാനെ കാത്ത നബി
ഓപണർമാർ തപ്പിത്തടഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അഫ്ഗാനിസ്താന്റെ രക്ഷകനായത് മുഹമ്മദ് നബിയായിരുന്നു. നബിയുടെ അർധസെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തിലാണ് 159 എന്ന വിജയലക്ഷ്യം അഫ്ഗാൻ ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിതരായ സന്ദർശകരെ തുടക്കത്തിൽ അഴിഞ്ഞാടാൻ വിട്ടില്ല ഇന്ത്യൻ ബൗളർമാർ. പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും റൺസ് കണ്ടെത്താനാകാതെ കുഴങ്ങുകയായിരുന്നു റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും. ഒടുവിൽ അക്സർ പട്ടേലിന്റെ പന്തിൽ ഗുർബാസിനെ(28 പന്തിൽ 23) സ്റ്റംപ് ചെയ്തു പുറത്താക്കി ജിതേഷ് ശർമ.
പിന്നാലെ ഇബ്രാഹിം സദ്രാനും(22 പന്തിൽ 25) മടങ്ങി. ശിവം ദുബേയുടെ പന്തിൽ ഷോർട്ട് കവറിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പിടിച്ച് അഫ്ഗാൻ നായകൻ പുറത്ത്. തൊട്ടടുത്ത ഓവറിൽ റഹ്മത്തുല്ല ഷായും(മൂന്ന്) അക്സർ പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങി.
തുടർന്ന് ഒന്നിച്ച മുഹമ്മദ് നബിയും അസ്മത്തുല്ല ഒമർസായിയും ചേർന്നാണു വലിയ തകർച്ചയിൽനിന്ന് അഫ്ഗാനെ കരകയറ്റിയത്. രണ്ടും ഭാഗത്തുനിന്നും ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചു കളിക്കുകയായിരുന്നു ഇരുവരും. നാലാം വിക്കറ്റിൽ 43 പന്തിൽ 68 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്താണു സഖ്യം പിരിഞ്ഞത്.
മുകേഷ് കുമാറാണ് ഇന്ത്യയ്ക്ക് ബ്രേക്ത്രൂ സമ്മാനിച്ചത്. ബൗൾഡായി ഒമർസായി പുറത്താകുമ്പോൾ 22 പന്തിൽ 29 റൺസെടുത്തിരുന്നു താരം. അവസാന ഓവറുകളിൽ വമ്പനടിക്കു ശ്രമിച്ച് മുഹമ്മദ് നബിയും പുറത്തായതോടെ വലിയ സ്കോർ ലക്ഷ്യമിട്ടുള്ള അഫ്ഗാന്റെ പോരാട്ടം ഏറെക്കുറെ തീർന്നിരുന്നു. 27 പന്തിൽ മൂന്ന് സിക്സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 42 റൺസെടുത്ത് മുകേഷ് കുമാറിന്റെ പന്തിൽ റിങ്കു സിങ്ങിനു ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. നജീബുല്ല സദ്രാൻ 19 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളർമാരിൽ 23 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത അക്സർ പട്ടേലാണു തിളങ്ങിയത്. മുകേഷ് കുമാറും രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും തല്ലുവാങ്ങി. ശിവം ദുബേയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.