മുംബൈ : എകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന ട്വന്റി20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയം. ഇതോടെ പരമ്പര 2-1ന് അവസാനിച്ചു. ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുത്തപ്പോള്‍ 18.4 ഓവറില്‍ ഓസിസ് ലക്ഷ്യം കണ്ടു. ടോസ് നേടിയ ഇന്ത്യ ഓസിസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
28 പന്തില്‍ 34 റണ്ണെടുത്ത വിക്കറ്റ്കീപ്പര്‍ റിച്ചാഘോഷാണ് ഇന്ത്യന്‍നിരയില്‍ ടോപ് സ്കോറര്‍. രണ്ട് ഫോറും മൂന്ന് സിക്സറും അടിച്ച റിച്ചയുടെ പോരാട്ടമാണ് സ്കോര്‍ 100 കടത്തിയത്. ഓപ്പണര്‍മാരായ ഷഫാലിവര്മയും (26) സ്മൃതി മന്ദാനയും (29) അടിത്തറയിട്ടെങ്കിലും തുടര്‍ച്ചയുണ്ടായില്ല. ജെമീമ റോഡ്രിഗസ് രണ്ട് റണ്ണെടുത്ത് പുറത്തായി. ആറ് പന്തില്‍ മൂന്ന് റണ്ണെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പരമ്പരയിലുടനീളം മോശം ഫോമിലായിരുന്നു. കളിച്ച അവസാന എട്ട് ട്വന്റി20യില്‍ ഹര്‍മന്‍പ്രീത് നേടിയത് 92 റണ്‍സാണ്.
റിച്ചാഘോഷും ദീപ്തിശര്‍മയും (14) ചേര്‍ന്നെടുത്ത 33 റണ്ണാണ് മാനംകാത്തത്. അവസാന ഓവറുകളില്‍ അമന്‍ജോത് കൗറും (17) പൂജ വസ്ത്രാക്കറും (7) പുറത്താകാതെ നേടിയ റണ്ണാണ് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസിസിന്റെ വിജയം അനായാസമായിരുന്നു. ഓപ്പണര്‍മാരായ അലിസ ഹീലിയും ബെത്ത് മൂണിയും 10 ഓവറില്‍ 85 റണ്ണടിച്ചു. 38 പന്തില്‍ 55 റണ്‍ നേടിയ ഹീലി ദീപ്തിശര്‍മയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. ഒമ്പത് ഫോറും ഒരു സിക്സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. തഹ്ലിയ മക്ഗ്രാത്തിനെയും എല്ലിസെ പെറിയെയും (0) തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി പൂജ വസ്ത്രാക്കര്‍ ഓസീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍, ബെത്ത് മൂണിക്കൊപ്പം ചേര്‍ന്ന് ഫോബി ലിച്ച്ഫീല്‍ഡ് വിജയമൊരുക്കി.