ന്യൂഡല്‍ഹി : ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
‘ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു.’- അദ്ദേഹം പറഞ്ഞു.
അതേസമയം, ഹമാസ് ആക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിനെ ഞെട്ടിച്ച് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഹമാസ് ഒരേസമയം ആക്രമണം നടത്തിയത്.
ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് പോരാളികള്‍ ഇസ്രയേലിന്റെ തെക്കന്‍ നഗരങ്ങളില്‍ ആക്രമണം ആരംഭിച്ചത്. നുഴഞ്ഞു കയറിയ ഹമാസ് അംഗങ്ങള്‍, തെരുവുകള്‍ കീഴടക്കി. സൈനിക ക്യാമ്പുകളിലേക്ക് ഇടിച്ചു കയറിയ ഇവര്‍ ഇസ്രയേല്‍ സൈനികരെ ബന്ദികളാക്കി. ഒഫാകിം നഗരത്തിലാണ് വ്യാപക ആക്രമണം നടന്നത്.