ഡൊമനിക്ക : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി പിന്നിട്ട യുവ ഓപ്പണർ യശസ്വി ജയ്സ്വാളും (143) വിരാട് കോഹ്ലിയും (36) ആണ് ക്രീസിൽ.
വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ മികച്ച ബാറ്റിംഗുമായി മുന്നോട്ടുനീങ്ങി. 215 പന്തിൽനിന്നാണ് ജയ്സ്വാൾ സെഞ്ചുറി കടന്നത്. ജയ്സ്വാളിനു ഉറച്ച പിന്തുണ നൽകിയ നായകൻ രോഹിത്ത് ശർമ്മയും സെഞ്ചുറി കുറിച്ചു. രോഹിത് ശർമ 221 പന്തിൽ 103 റണ്‍സെടുത്ത് പുറത്തായി. അലിക് അഥാനസിനാണ് വിക്കറ്റ്. ആറ് റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലി ജയ്സ്വാളിനൊപ്പം ഉറച്ചുനിന്നതോടെ ഒന്നാം ഇന്നിംഗ്സ് ലീഡ് 162 റൺസായി.
ടെസ്റ്റ് അരങ്ങേറ്റത്തിനു മുന്‍പ് ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് ബാറ്റിംഗ് ശരാശരിയെന്ന റിക്കാർഡിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനെ (70.18) യശസ്വി ജയ്സ്വാൾ (80.21) മറികടന്നു. വിനോദ് കാംബ്ലി (88.37), പ്രവീണ്‍ ആംറെ (81.23) എന്നിവർക്കു പിന്നിൽ മൂന്നാമതാണ് യശസ്വി ജയ്സ്വാൾ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 64.3 ഓവറിൽ 150ൽ അവസാനിച്ചു. 24.3 ഓവറിൽ 60 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് വിൻഡീസിനെ ചുരുട്ടിക്കെട്ടിയത്.