ഫ്ളോറിഡ : ഇന്ത്യയ്ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര നേടിയത്. 3-2 നാണ് വിന്‍ഡീസിന്റെ പരമ്പര വിജയം. അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന് ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പൂര്‍ണമായും പാളി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് താളം കണ്ടെത്താനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പരാജയമായി. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നേരത്തേ വിന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്സിനെ നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ അര്‍ഷ്ദീപ് പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 5.1 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു. പൂരാനും കിങ്ങും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറഞ്ഞു.
ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി പിന്നാലെ ഓപ്പണര്‍ കിങ് അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ വിന്‍ഡീസ് ബാറ്റിങ്ങിനിടെ 12.3 ഓവറില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. ആ സമയം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്നു. കുറച്ചുസമയത്തിനുശേഷം മത്സരം പുനരാരംഭിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും പൂരാന്-കിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല.
ഒടുവില്‍ ബാറ്ററായ തിലക് വര്‍മയെ ഹാര്‍ദിക് കൊണ്ടുവന്നു. അത് ഫലം ചെയ്തു. അപാര ഫോമില്‍ കളിച്ചുകൊണ്ടിരുന്ന പൂരാനെ പുറത്താക്കി തിലക് അത്ഭുതം കാട്ടി. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പൂരാനെ ഹാര്‍ദിക് ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തില്‍ 47 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഷായ് ഹോപ്പ് ക്രീസിലെത്തി. ഹോപ്പിനെ കൂട്ടുപിടിച്ച് കിങ് അടിച്ചുതകര്‍ത്തു. വൈകാതെ കിങ് വിന്‍ഡീസിന്റെ വിജയശില്‍പ്പിയായി. കിങ് 55 പന്തില്‍ അഞ്ച് ഫോറിന്റെയും ആറുസിക്സിന്റെയും സഹായത്തോടെ 85 റണ്‍സെടുത്തും ഹോപ്പ് 22 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ബാറ്റര്‍മാര്‍ നിറംമങ്ങിയ മത്സരത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ അഞ്ചുറണ്‍സെടുത്ത ജയ്സ്വാളിനെ അകിയെല്‍ ഹൊസെയ്ന്‍ പുറത്താക്കി. പിന്നാലെ മൂന്നാം ഓവറില്‍ ഒന്‍പത് റണ്‍സെടുത്ത ഗില്ലിനെയും മടക്കി ഹൊസെയ്ന്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതോടെ ഇന്ത്യ 17 ന് രണ്ട് എന്ന സ്കോറിലേക്ക് വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
തുടക്കത്തില്‍ തകര്‍ന്നെങ്കിലും തിലകും സൂര്യകുമാറും ചേര്‍ന്ന് 5.5 ഓവറില്‍ ടീം സ്കോര്‍ 50 കടത്തി. എന്നാല്‍ റോസ്റ്റണ്‍ ചേസ് ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്കോര്‍ 66-ല്‍ നില്‍ക്കേ സ്വന്തം പന്തില്‍ തകര്‍പ്പന്‍ ഡൈവിലൂടെ ചേസ് ക്യാച്ചെടുത്ത് തിലകിനെ പുറത്താക്കി. 18 പന്തില്‍ നിന്ന് 27 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയത് മലയാളി താരം സഞ്ജു സാംസണാണ്. രണ്ട് ഫോറടിച്ചുകൊണ്ട് സഞ്ജു വരവറിയിച്ചെങ്കിലും താരം പുറത്തായി. ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പൂരാന് ക്യാച്ച് നല്കി സഞ്ജു മടങ്ങി. 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
പിന്നാലെ വന്ന ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ടീം സ്കോര്‍ 100 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറി കുറിച്ചു. 38 പന്തില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. മറുവശത്ത് പാണ്ഡ്യ സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 18 പന്തില്‍ 14 റണ്‍സെടുത്ത പാണ്ഡ്യയെ റൊമാരിയോ ഷെപ്പേര്‍ഡ് മടങ്ങി. പാണ്ഡ്യ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 130-ലാണ് എത്തിയത്. താരത്തിന് പകരം അക്ഷര്‍ പട്ടേല്‍ ക്രീസിലെത്തി. എന്നാല്‍ 18-ാം ഓവറില്‍ സൂര്യകുമാറിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി ഹോള്‍ഡര്‍ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 45 പന്തില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 61 റണ്‍സെടുത്ത സൂര്യകുമാറിനെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെവന്ന അര്‍ഷ്ദീപിനെയും കുല്‍ദീപിനെയും ഷെപ്പര്ഡ് പുറത്താക്കി. അവസാന ഓവറിലെ അക്ഷറിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്കോര്‍ 160 കടത്തിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ എട്ടുറണ്‍സെടുത്ത അക്ഷറിനെ ഹോള്‍ഡര്‍ പുറത്താക്കി. മുകേഷ് കുമാര്‍ നാല് റണ്‍സെടുത്തും ചാഹല്‍ റണ്‍സെടുക്കാതെയും പുറത്താവാതെ നിന്നു.
വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് നാല് വിക്കറ്റെടുത്തപ്പോള്‍ അകിയല്‍ ഹൊസെയ്നും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. റോസ്റ്റണ്‍ ചേസ് ഒരു വിക്കറ്റ് നേടി