ഗയാന : വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 44 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം 83 റൺസെടുത്താണ് സൂര്യകുമാർ പുറത്തായത്. തിലക് വർമ 37 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഓപ്പണർമാർ നിരാശപ്പെടുത്തി.
അരങ്ങേറ്റ മത്സരം കളിച്ച യശസ്വി ജയ്സ്വാൾ രണ്ടു പന്തിൽ ഒരു റണ്ണെടുത്തും ശുഭ്മൻ ഗിൽ 11 പന്തിൽ ആറു റൺസെടുത്തും പുറത്തായി. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച സൂര്യകുമാർ തിലക് വർമയെ കൂട്ടുപിടിച്ച് അതിവേഗം സ്കോർ ഉയർത്തി. നായകൻ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. വിൻഡീസിനായി അൽസാരി ജോസഫ് രണ്ടും ഒബെദ് മക്കോയ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആതിഥേയർക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. ബ്രാൻഡൻ കിങ് 42 പന്തിൽ 42 റൺസെടുത്തും കൈൽ മേയേഴ്സ് 20 പന്തിൽ 25 റൺസെടുത്തുമാണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 7.4 ഓവറിൽ 55 റൺസെടുത്തു. ജോൺസൺ ചാൾസ് (14 പന്തിൽ 12), നിക്കോളാസ് പൂരൻ (12 പന്തിൽ 20), ഷിമ്രോൺ ഹെറ്റ്മെയർ (എട്ടു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നായകൻ റോവ്മാൻ പവൽ 19 പന്തിൽ 40 റൺസെടുത്തും റൊമാരിയോ ഷെപ്പേർഡ് അഞ്ചു പന്തിൽ രണ്ടു റൺസെടുത്തും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. രവി ബിഷ്ണോയിക്കു പകരക്കാരനായാണ് കുൽദീപ് യാദവ് ടീമിലെത്തിയത്.