കൊളംബൊ : ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ കുഞ്ഞന്മാരായ നേപ്പാളിനെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത്/ലൂയിസ് നിയമപ്രകാരം 10 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ സൂപ്പർ ഫോർ യോഗ്യത നേടി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 230 റൺസ് നേടിയെങ്കിലും രണ്ട് മണിക്കൂറോളം മഴ തടസ്സപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറിൽ 145 റൺസായി വെട്ടിച്ചുരുക്കിയിരുന്നു. രോഹിത് ശർമ(74*) – ശുഭ്മാൻ ഗിൽ(63*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുകളുടെ കരുത്തിൽ ഇന്ത്യ 20.1 ഓവറിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത നേപ്പാൾ മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഓപ്പണർമാരായ കുശാൽ ഭുർതേൽ(38), ആസിഫ് ഷെയ്ഖ്(58) എന്നിവർ ടീമിന് മികച്ച തുടക്കം നൽകിയപ്പോൾ സോംപാൽ കാമി(48) വാലറ്റത്ത് സ്കോർ ഉയർത്തി.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ എന്നിവരും വിക്കറ്റ്നേട്ടക്കാരുടെ പട്ടികയിൽ ഇടംനേടി.
മറുപടി ബാറ്റിംഗിൽ 59 പന്തുകൾ നീണ്ടുനിന്ന ഇന്നിംഗ്സിൽ ശർമ ആറ് ഫോറുകളും അഞ്ച് സിക്സറുകളും നേടി. ഗിൽ 61 പന്തിൽ ഏഴ് ഫോറുകളും ഒരു സിക്സും പായിച്ചു.