ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ 33 റണ്‍സിന്റെ വിജയം പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെന്ന മികച്ച സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മറുപടി പറയാനിറങ്ങിയ അയര്‍ലന്‍ഡിന്റെ പോരാട്ടം എട്ട് വിക്കറ്റിനു 152 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണര്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ അര്‍ധ സെഞ്ച്വറിക്ക് അവരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 51 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും സഹിതം താരം 72 റണ്‍സെടുത്തു. 23 റണ്‍സെടുത്ത മാര്‍ക്ക് അഡയര്‍, 18 റണ്‍സെടുത്ത കുര്‍ടിസ് കാംഫര്‍, 13 റണ്‍സെടുത്ത ജോര്‍ജ് ഡോക്ക്റെല്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി ക്യാപ്റ്റന്‍ ബുമ്ര നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റെടുത്തു.
ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മെച്ചപ്പെട്ട സ്കോര്‍ നേടിയത്. ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. ഓപ്പണറായ ഋതുരാജ് ഗെയ്ക് വാദ് 43 പന്തില്‍ 58 റണ്‍സ് നേടി ടോപ് സ്കോററായി. സഞ്ജു 26 പന്തില്‍ 40 റണ്‍സ് നേടി സ്കോര്‍ ചലിപ്പിക്കുന്നതില്‍ നിര്‍ണായകമായി. 21 പന്തില്‍ 38 റണ്‍സാണ് റിങ്കു സിങ്ങിന്റെ സമ്പാദ്യം. ശിവം ഡുബെ പുറത്താകാതെ 22 റണ്‍സ് നേടി.
ആറ് ഫോറും ഒരു സിക്സും സഹിതമാണ് ഋതുരാജ് അര്‍ധ സെഞ്ച്വറി നേടിയത്. സഞ്ജു അഞ്ച് ഫോറും ഒരു സിക്സും പറത്തി. മൂന്ന് സിക്സും രണ്ട് ഫോറും തൂക്കിയാണ് റിങ്കു സ്കോര്‍ അതിവേഗം ചലിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിങിനു അവസരം ലഭിക്കാതിരുന്ന റിങ്കു രണ്ടാം പോരില്‍ മികവ് കാണിച്ച് കളിയിലെ താരമായി മാറുകയും ചെയ്തു. ശിവം ഡുബെ രണ്ട് സിക്സുകള്‍ തൂക്കി.