

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഫ്രാന്‍സുമായുള്ള കരാര്‍ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാകും കരാറില്‍ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ഇടനിലക്കാരില്ലാത്ത കരാറാണിത്.
പുതുതായി വാങ്ങുന്ന 114 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ 80 ശതമാനവും നിര്‍മിക്കുക ഇന്ത്യയിലാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.
നിലവില്‍ വ്യോമസേനയ്ക്ക് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ഈ ശുപാര്‍ശക്ക് അംഗീകാരം നല്കി. ബോര്‍ഡിന്റെ ശുപാര്‍ശ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫെന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ (ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.
കരാര്‍ പ്രകാരം 18 റഫാല്‍ യുദ്ധ വിമാനങ്ങള്‍ 2030 ല്‍ ഇന്ത്യയില്‍ എത്തും. 3.25 ലക്ഷം കോടി രൂപയ്ക്കാണ് ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത്. ബാക്കിയുള്ള 80 ശതമാനം റാഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. തദ്ദേശീയമായ സാധനങ്ങള്‍ കൊണ്ടാകും ഇതില്‍ 60 ശതമാനം നിര്‍മാണവും.