ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് ട്രെയിന്റെ ജോലികള്‍ ആരംഭിച്ചെന്നും ഇന്ത്യയിലൂടെ ഓടുന്ന മറ്റ് ട്രെയിനുകളേക്കാള്‍ വേഗത ഇവക്കുണ്ടാകുമെന്നാണ് വിവരം. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്. 250 കിലോ മീറ്റര്‍ സ്പീഡില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനുകളാണ് പരിഗണിക്കുന്നത്. ഇവ ഇന്ന് ലോകത്ത് നിലവിലുള്ള ഹൈ സ്പീഡ് ട്രെയിനുകള്‍ക്ക് സമമാണ്. ഫ്രഞ്ച് ടിജിവി, ജാപ്പനീസ് ഷിന്‍കാന്‍സെന്‍ എന്നീ ട്രെയിനുകള്‍ക്ക് തുല്യമായിരിക്കുമെന്നുമാണ് വിവരം.
ചെന്നൈയിലെ ഇന്ത്യന്‍ റെയില്‍വേയുടെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആണ് ബുള്ളറ്റ് ട്രെയനിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ നടപ്പാക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ 320 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വന്ദേഭാരത് ട്രെയിനുകള്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 52 സെക്കന്റ് മാത്രമെടുക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് 54 സെക്കന്റ് വരെ വേണം. വന്ദേഭാരത് ട്രെയിനുകള്‍ക്ക് 220 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്നതിനാല് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 250 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കുന്നത് പ്രയാസകരമാകില്ലെന്നാണ് അനുമാനം.