ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന് ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.
സുരക്ഷിതമായ അകലത്തില്‍നിന്നു റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള സംവിധാനമെല്ലാം ഇതിന്റെ ഭാഗമാണ്. വിശദമായ പരീക്ഷണം തുടരുകയാണെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.