ജോഹന്നസ്ബർഗ്: ലോകകപ്പിനുശേഷമുള്ള ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് കളത്തിൽ. ഇരുടീമുകളും ഓസ്ട്രേലിയയോട് തോറ്റാണ് ലോകകപ്പ് സ്വപ്നം അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്ക സെമിയിൽ തോറ്റപ്പോൾ കിരീടപ്പോരിലായിരുന്നു ഇന്ത്യ ഓസീസിനുമുന്നിൽ വീണത്.
ലോകകപ്പ് അവസാനിക്കുകയും ട്വന്റി20 ലോകകപ്പിന് ആറ് മാസം മാത്രം ശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഏകദിന പരമ്പരയ്ക്ക് വലിയ പ്രസക്തിയില്ല. അതിനാൽത്തന്നെ മുൻനിര താരങ്ങളിൽ പലരും വിട്ടുനിന്നു. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പ്രധാന കളിക്കാർ.ഇന്ത്യൻ സമയം 1.30നാണ് കളി. മൂന്ന് മത്സരമാണ് പരമ്പരയിൽ.
കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയെ എയ്ദൻ മാർക്രവും.മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇറങ്ങിയേക്കും. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് പനികാരണം ഇന്ന് കളിക്കാനിടയില്ല. ലോകകപ്പ് കളിച്ച ടീമിൽ മൂന്നുപേർമാത്രമേ നിലവിൽ ഈ ടീമിന്റെ ഭാഗമായുള്ളൂ. ദക്ഷിണാഫ്രിക്കൻ ടീമിൽ ആറുപേരുണ്ട്.ട്വന്റി20 പരമ്പരയിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാട്ടിലേക്ക് മടങ്ങി.
രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ടെസ്റ്റ് പരമ്പരയ്ക്കായി ഏകദിനത്തിൽനിന്ന് പിന്മാറി. ശ്രേയസ് അയ്യർ ആദ്യ ഏകദിനത്തിനുശേഷം പിന്മാറും. പേസർ ദീപക് ചഹാർ കുടുംബപരമായ ആവശ്യങ്ങളാൽ മടങ്ങി. ആകാശ്ദീപ് സിങ് ആണ് പകരക്കാരൻ.സഞ്ജു ഉൾപ്പെടെയുള്ള കളിക്കാർക്കുള്ള അവസരമാണിത്. സായ് സുദർശൻ, രജത് പടിദാർ, തിലക് വർമ എന്നിവർക്കും ഇത് അവസരമാണ്
ഇന്ത്യൻ ടീം: രജത് പടിദാർ, സായ് സുദർശൻ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, തിലക് വർമ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്കൻ ടീം: റീസ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, റാസി വാൻ ഡെർദുസെൻ, എയ്ദൻ മാർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, വിയാൻ മുൾദെർ, ആൻഡിലെ ഹെഫ്ളുക്വായോ, കേശവ് മഹാരാജ്, നാൻഡ്രി ബർഗെർ, ലിസാഡ് വില്യസ്.