ലഖ്നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോര്‍ നല്‍കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്സ്കോറര്‍. 101 പന്തില്‍ നിന്ന് 87 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് സിക്സറും പത്ത് ഫോറുകളും ഉള്‍പ്പെടുന്നു. ആദില്‍ റഷീദിനാണ് വിക്കറ്റ്. ഒരു ഘട്ടത്തില്‍ 11.5 ഓവറില്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 91 റണ്‍സ് ചേര്‍ത്ത ഇരുവരും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ 31-ാം ഓവറില്‍ രാഹുലിനെ മടക്കി ഡേവിഡ് വില്ലി ഈ കൂട്ടുകെട്ട് പൊളിച്ചു. 58 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 39 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തേ പുറത്തായത്.
എട്ട് റണ്‍സ് എടുത്ത് ജഡേജയും ഒരു റണ്‍സ് എടുത്ത് മുഹമ്മദ് ഷമിയും പുറത്തായി. സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ച്വററിക്ക് ഒരു റണ്‍സ് അകലെവച്ച് പുറത്തായി. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നത്.