ന്യൂഡല്‍ഹി : ഇന്ത്യ – പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനാണ് അനുവദിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ചണ്ഡീഗഢ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്നും പ്രത്യേത ട്രെയിന്‍ അനുവദിച്ചത്. പ്രത്യേക ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍ വെ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിന് പല്‍വാല്‍, കോട്ട, രത്ലം, വഡോദര, ഉദ്ന ജംക്ഷന്, വാസായ് റോഡ്, പവേല്‍, റോഹ തുടങ്ങി കേരളത്തിന് പുറത്ത് 18 ഓളം സ്റ്റോപുകളാണുള്ളത്.
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിലെ കുറച്ചുപേര്‍ ഇന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഉള്‍പ്പടെ തുറന്നിരുന്നു.