ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തീയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം മണിപ്പൂരിലെത്തുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്യം ടാഗോര്‍ പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യം നേരിട്ടു മനസ്സിലാക്കാനാണ് സംഘം ശ്രമിക്കുകയെന്ന് മാണിക്യം ടാഗോര്‍ പറഞ്ഞു. മണിപ്പൂരിലേക്കു പോവാന്‍ കുറച്ചു നാളായി പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ കറുപ്പണിഞ്ഞാണ് ഇന്നു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ എത്തിയത്. രാവിലെ സഭ ചേരുന്നതിനു മുമ്പായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ പാര്‍ട്ടികള്‍ കൂടിയാലോചന നടത്തി. മണിപ്പൂര്‍ സംഭവങ്ങളില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിവരികയാണ്.