ന്യൂഡല്‍ഹി : ഒമാന്‍-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ടിന്റെ മൂന്നാം ഗഡു പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, മൂലധന സഹകരണത്തില്‍ സുപ്രധാന ചുവടുവെപ്പാണിത്.
ഇന്ത്യ-ഒമാന്‍ വ്യാപാരത്തിന്റെയും മൂലധന സഹകരണത്തിന്റെയും കാര്യത്തില്‍ പ്രധാന നേട്ടം ഒമാന്‍-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ടിന്റെ മൂന്നാം ഗഡു പ്രഖ്യാപനമാണെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും തമ്മിലുള്ള 50-50 സംയുക്ത സംരംഭമായ ഒമാന്‍-ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ അതിവേഗം വളരുന്ന മേഖലകളിലേക്ക് നിക്ഷേപം എത്തുന്നതിലൂടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഡല്‍ഹിയിലെത്തിയ ഒമാന്‍ സുല്‍ത്താനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക ചടങ്ങുകളൊടെയാണ് രാഷ്ട്രപതി ഭവനിലേക്ക് സുല്‍ത്താനെ ആനയിച്ചത്.
പ്രതിരോധം, പ്രവര്‍ത്തനം, ബഹിരാകാശം തുടങ്ങി 9 മേഖലകളിലെ സഹകരണം ശക്തമാക്കാനും ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയായി.സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
നാല് കരാറുകളില്‍ ഇന്ത്യയും ഒമാനും ഒപ്പുവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷമടക്കമുള്ള വിഷയങ്ങള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഗാസയിലെ സാഹചര്യവും മാനുഷിക സഹായവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രയേല്‍ – പലസ്തീന് സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണം എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.