മുംബൈ : ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കേ, മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയതിനെ ചൊല്ലി വിവാദം. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ ഏകപക്ഷീയമായി പിച്ചില്‍ മാറ്റം വരുത്തി എന്നാണ് ആരോപണം.
ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടം പുതിയ പിച്ചിലാണ് നടക്കേണ്ടിയിരുന്നത്. അതായത് പിച്ച് സെവനില്‍. ലോകകപ്പ് ലീഗ് മത്സരങ്ങളില്‍ പിച്ച് സെവന് ഇത് വരെ ഉപയോഗിച്ചിട്ടില്ല. നിലവില്‍ ലോകകപ്പില്‍ രണ്ടു മത്സരങ്ങളാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് സെവന് പകരം ഇതുവരെ ഉപയോഗിച്ച പിച്ച് സിക്സിലേക്ക് മത്സരം മാറ്റി ബിസിസിഐ എടുത്ത തീരുമാനത്തെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാനാണ് അവസാന നിമിഷത്തെ ഈ തീരുമാനമെന്നാണ് ആരോപണം.
വാംഖഡെയില്‍ നടന്ന രണ്ടു ലോകകപ്പ് മത്സരങ്ങളില്‍ ഒന്നില്‍ ഇന്ത്യയാണ് കളിച്ചത്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 302 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയത് ഈ സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിനെ 229 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതും ഇവിടെ വച്ചാണ്. 6-8-6-8 പിച്ച് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. അടുത്ത മത്സരം 6-8-6-8-7 റൊട്ടേഷനില്‍ നടത്താനാണ് ആലോചിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മത്സരം പുതിയ പിച്ചായ സെവനില്‍ നടക്കേണ്ടതാണ്. ഇതാണ് അവസാന നിമിഷം സിക്സിലേക്ക് മാറ്റിയത്.
ഐസിസി മാനദണ്ഡം അനുസരിച്ച് ഗ്രൗണ്ടിന്റെ ചുമതലക്കാര്‍ക്കാണ് പിച്ച് തെരഞ്ഞെടുക്കുന്നതിലും ഒരുക്കുന്നതിലും പൂര്‍ണ ഉത്തരവാദിത്തം. അങ്ങനെയെങ്കില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഇതിന്റെ പൂര്‍ണ ചുമതല. ഐസിസിക്ക് സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ഉണ്ട്. ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ആയ ആന്‍ഡി അറ്റ്കിന്‍സണിനും പിച്ച് മാറ്റിയതില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.