ഭുവനേശ്വർ : വേഗതയേറിയ ചലനങ്ങൾക്ക് മിസോ ഫിഷ് എന്ന വിളിപ്പേരുള്ള ലല്ലിയൻസുവാല ചാങ്തെയുടെ മികവിൽ ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടധാരണം. ഒരു ഗോളടിക്കുകയും ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് വഴിയൊരുക്കുകയും ചെയ്ത മിസോറംകാരൻ ചാങ്തെയാണ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയെ രണ്ടാംതവണയും ചാമ്പ്യൻമാരാക്കിയത്. ഫൈനലിൽ ലെബനെനെതിരെ ഇടവേളയ്ക്കുശേഷമാണ് രണ്ട് ഗോളും പിറന്നത്. ഇന്ത്യൻ പ്രതിരോധക്കാരൻ സന്ദേശ് ജിങ്കനാണ് ടൂർണമെന്റിലെ താരം.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യയായിരുന്നു മികച്ചുനിന്നത്. എന്നാൽ, ആദ്യപകുതിയിൽ ഗോളടിക്കാൻ കഴിഞ്ഞില്ല. ഛേത്രിയും ചാങ്തെയും മുന്നേറ്റത്തിൽ ഇടവേളകളില്ലാതെ ആക്രമണം നയിച്ചു. മലയാളിതാരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിൽ പിശുക്ക് കാട്ടിയില്ല.
രണ്ടാംപകുതിയുടെ ആദ്യ മിനിറ്റിൽത്തന്നെ ഗോളെത്തി. വലതുമൂലയിൽനിന്ന് നിഖിൽ പൂജാരിയും ചാങ്തെയും ചേർന്നുള്ള മിന്നൽനീക്കം. പന്ത് കൈമാറി ഇരുവരും മുന്നേറി. ബോക്സിൽ രണ്ട് ലെബനീസ് പ്രതിരോധക്കാരെ പിന്നിട്ട് ചാങ്തെ നൽകിയ പന്ത് ഛേത്രി വലയിലെത്തിച്ചു. ഇന്ത്യക്കായി തുടർച്ചയായ നാലാം ഫൈനലിലാണ് ക്യാപ്റ്റൻ ഗോൾ നേടുന്നത്. 2015ലും 2021ലും സാഫിലും 2018ൽ ഇന്റർകോണ്ടിനെന്റൽ കലാശപ്പോരിലും ഛേത്രി ലക്ഷ്യംകണ്ടിരുന്നു. 87–-ാം രാജ്യാന്തര ഗോളാണ്.
ലീഡെടുത്തശേഷം തിരിഞ്ഞുനോക്കിയില്ല ഇന്ത്യ. 66–-ാം മിനിറ്റിൽ രണ്ടാംഗോളും നേടി. മഹേഷ് സിങ്ങിന്റെ ഷോട്ട് ലെബനൻ ഗോൾകീപ്പർ അലി സാബെ തടഞ്ഞു. എന്നാൽ, പന്ത് കിട്ടിയത് ചാങ്തെയ്ക്കായിരുന്നു. ഇരുപത്താറുകാരന് ഉന്നം തെറ്റിയില്ല. തിരിച്ചുവരാൻ ലെബനൻ ശ്രമിച്ചെങ്കിലും പ്രതിരോധനിരയിൽ ജിങ്കനും അൻവർ അലിയും ഉറച്ചുനിന്നു. നെഹ്റുകപ്പിന് പകരമായി 2018ൽ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. 2019ൽ ഉത്തരകൊറിയക്കാണ് കിരീടം. ഇന്ത്യ നാലാമതായി. ഇത് ടൂർണമെന്റിന്റെ മൂന്നാം പതിപ്പാണ്.ബംഗളൂരുവിൽ 21ന് ആരംഭിക്കുന്ന സാഫ് കപ്പാണ് അടുത്തത്. ആദ്യമത്സരത്തിൽ പാകിസ്ഥാനാണ് എതിരാളി.